ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലഹരിമരുന്ന് കച്ചവടം ജയിലിനകത്തും പുറത്തും നടത്തിയെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കുവേണ്ടി കൊടി സുനിയെ കഴിഞ്ഞ ജനുവരിയിലാണ് തവനൂരിൽ നിന്ന് കണ്ണൂരിലെത്തിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് കൊടി സുനിയും സംഘവും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വിൽപ്പനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ കിർമാണി മനോജും മറ്റൊരു വധക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടുപ്രതികൾ.

തവനൂർ ജയിലിൽ നിന്ന് ന്യൂമാഹി ഇരട്ടക്കൊലക്കേസിന്‍റെ വിചാരണയ്ക്കായാണ് കൊടി സുനിയെ ജനുവരിയിൽ കണ്ണൂരിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നേരത്തേ ലഭിച്ചുപോന്നിരുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാണ് ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത്. ഫോൺ ഉപയോഗിക്കാനുള്ള സൗകര്യം ഉൾപ്പെടെ ലഭിക്കുന്നുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട്

കൊടി സുനിക്ക് കണ്ണൂർ ജയിലിലെ അനുകൂല സാഹചര്യം തവനൂരിൽ കിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂമാഹി ഇരട്ടക്കൊലക്കേസിന്റെ അന്തിമവാദം നടക്കുന്ന തലശേരി കോടതിയിൽ പരസ്യ മദ്യപാനം പുറത്തായതിന് ശേഷം കൊടി സുനിയെ കൊണ്ടു വന്നിട്ടില്ല. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ ഓൺലൈനിലാണ് ഇരുത്തുന്നത്.

അതിനാൽ, ജയിൽ മാറ്റം ഉണ്ടായാലും വിചാരണയ്ക്ക് തടസമുണ്ടാകില്ല. വയനാട്ടിൽ പരോളിൽ കഴിയവെ വ്യവസ്ഥകൾ ലംഘിച്ച കൊടി സുനി കർണാടകയിലേക്ക് പോയത് ലഹരി ഇടപാടിനാണോ എന്ന കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുവെന്നാണ് വിവരം.

Related Posts