ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ 19 മുതൽ 21 വരെയാണ് പൂജാ അവധി. എന്നാൽ ഒക്ടോബർ 16, 17 തീയതികളിലാണ് യാത്രക്കാരുടെ തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്.

പതിവ് സർവീസുകളിലെ ടിക്കറ്റുകൾ വിറ്റുതീരുന്നതിനനുസരിച്ച് അധിക സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിക്കും. അതേസമയം, കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ ഭൂരിഭാഗവും വിറ്റഴിഞ്ഞിട്ടുണ്ട്.

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഒക്ടോബർ 16, 17 തീയതികളിലേക്കുള്ള റിസർവേഷൻ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇതിനുപുറമെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ആറ് സ്പെഷൽ ട്രെയിനുകളുടെയും ബെംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ബള്ളി–കൊല്ലം രണ്ട് സ്പെഷൽ ട്രെയിനുകളുടെയും സർവീസ് നവംബർ അവസാനം വരെ നീട്ടിയിട്ടുണ്ട്.

Related Posts