ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലെ ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരുവിൽ ഐ.ടി. ഉദ്യോഗസ്ഥയായ അഞ്ജന (32) ആണ് മരിച്ചത്. വെള്ളിയാഴ്ച മാണ്ഡ്യയിലെ ഉമ്മടഹള്ളി ഗേറ്റിന് സമീപമായിരുന്നു അപകടം.
ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫ്ലൈഓവറിൽ നിന്ന് തെന്നിമാറി അണ്ടർപാസിലേക്ക് പതിച്ചു.
അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ജന പുറത്തേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഞ്ജനയെ ഭർത്താവ് ഹരീഷിനും ഡ്രൈവർ നിതിനുമൊപ്പം മാണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹരീഷിനും നിതിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മാണ്ഡ്യ സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.