സിഎംആർഎൽ ഡയറിയിൽ തൻ്റെ പേരുണ്ടെങ്കിൽ ഇത്രയും നാൾ തനിക്കെതിരെ അന്വേഷണം നടത്താതിരുന്നതെന്തുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡയറിയിൽ തൻ്റെ പേര് മാത്രമല്ല, സിപിഎമ്മിലെയും ബിജെപിയിലെയും നിരവധി മുതിർന്ന നേതാക്കളുടെ പേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ശുപാർശയിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. നിയമോപദേശം ലഭിച്ചാൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ്റെ ഓഫീസിൽ നടത്തിയ പൊലീസ് പരിശോധനയെ ആഭ്യന്തരമന്ത്രി ന്യായീകരിച്ചു. കോടതിയിൽനിന്ന് സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള അനുമതികൾ നേടിയ ശേഷമാണ് പരിശോധന നടത്തിയതെന്നും ഇത് മാധ്യമവേട്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ കേസിലെ രണ്ടാം പ്രതിയായതിനാലാണ് സ്ഥാപനത്തിൻ്റെ ഓഫീസിൽ പരിശോധന നടത്തിയതെന്നും വ്യക്തമാക്കി.
പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനെയും പൊലീസ് ആക്രമിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംപ്രേഷണം ഒരു മിനിറ്റ് പോലും തടസപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതായി പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.