വൈറ്റ്‌ഫീൽഡിലെ ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം അർത്ഥവത്തായ രീതിയിൽ നടന്നു. വിവർത്തകയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു.

പ്രഗതി ഡിഗ്രി കോളേജ്, കാഡുഗോടി പ്രിൻസിപ്പാൾ ഡോ. ചന്ദ്രകാന്ത നായക് പരിപാടി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീനിവാസ്, ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് ബി.ശങ്കർ എന്നിവർ ആശംസാപ്രസംഗം നടത്തി.

ചടങ്ങിൽ സമൂഹത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മൂന്ന് വനിതകളെ ആദരിച്ചു. വൈറ്റ്‌ഫീൽഡ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലക്ഷ്മമ്മ കെ, ഇമ്മടിഹള്ളി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തക അഞ്ജലി, ബി.ബി.എം.പി. പൗരശുചീകരണ തൊഴിലാളി പത്മമ്മ എന്നിവരെയാണ് ആദരിച്ചത്. ഉപഹാരം, പ്രശസ്തിപത്രം, ക്യാഷ് അവാർഡ് എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്.

സമൂഹത്തിൻ്റെ ദൈനംദിന ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഇവരുടെ സേവനങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആദരം. കോവിഡ് മഹാമാരിക്കാലം ഉൾപ്പെടെ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ശുചിത്വത്തിനുമായി നടത്തിയ അവരുടെ സമർപ്പിത സേവനം ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

സമൂഹത്തിൽ ഉന്നതപദവികളിൽ പ്രവർത്തിക്കുന്ന ധീര വനിതകളെകുറിച്ച് കുട്ടികൾക്ക് അറിയാമെങ്കിലും, സ്വന്തം നാട്ടിൽ നമുക്കുവേണ്ടി സേവനം ചെയ്യുന്നവരെ സ്നേഹത്തോടെ ചേർത്തു നിൽക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ വനിതാദിനാഘോഷത്തിന് യഥാർത്ഥ അർത്ഥം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ. രാകേഷ് വി.എസ് സ്വാഗതം ആശംസിച്ചു. സെബിൻ രവീന്ദ്രൻ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളും വിദ്യാർത്ഥികളും കന്നഡ പഠിതാക്കളും അവാർഡ് ജേതാക്കളും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് വനിതാദിനം ആഘോഷിച്ചു. തൊദൽനുടി കന്നഡ മാസികയുടെ പന്ത്രണ്ടാമത് വനിതാ ദിനാഘോഷമാണിതെന്ന് തൊദൽനുടി എഡിറ്ററും കൊല്ലം കണ്ണനല്ലൂർ സ്വദേശിയുമായ സുഷമ പറഞ്ഞു.

Related Posts