കഞ്ചാവും എംഡിഎംഎയുമായി സിനിമ അസി. ക്യാമറമാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. എറണാകുളം മൂവാറ്റുപുഴ ലഹരിക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതിയും സിനിമ അസിസ്റ്റൻ്റ് ക്യാമറാമാനും ഉൾപ്പെടെ മൂന്നുപേരെ തോക്കും എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജി. കൃഷ്‌ണകുമാറും സംഘവും മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതികളെ കീഴടക്കിയത്.

ബുധനാഴ്‌ച വൈകീട്ട് മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ കടാതിയിൽ 6 മണിയോടെയാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ സർക്കിൾ ഇൻസ്പെക്‌ടറെ വീഴ്ത്തിയും തോക്ക് ചൂണ്ടിയും രക്ഷപ്പെടാൻ സംഘം ശ്രമിച്ചു. സാഹസികമായി എക്സൈസ് സംഘം പ്രതികളെ കീഴടക്കുകയായിരുന്നു. കുറച്ചു നാളുകൾക്കുമുൻപ് ഒന്നാംപ്രതി ഷാലിം സമാനമായ കേസിൽ പിടിയിലായതാണ്.

രാസലഹരി കാർ വാടകയ്‌ക്കെടുത്ത് വിറ്റഴിച്ച കേസായിരുന്നു അത്. ബുധനാഴ്‌ച പിടിച്ചെടുത്ത കാറും വാടകയ്ക്കെടുത്തതാണെന്നാണ് കരുതുന്നത്.രാസലഹരി കോളേജ് വിദ്യാർഥികൾക്കും സിനിമാ മേഖലയിലെ ചിലർക്കായുമാണ് കൊണ്ടുവന്നതെന്നാണ് വ്യക്തമാകുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 5 ഗ്രാം കഞ്ചാവും 3 മൊബൈൽ ഫോണുകളും മയക്കു മരുന്ന് കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്.

Related Posts