ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രാനിരക്ക് തിരികെ ലഭിക്കില്ല. ഇനി അവസാനനിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
പുതുക്കിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ സാധാരണ നിലയിലുള്ള മുഴുവൻ പണവും തിരികെ ലഭിക്കും, റദ്ദാക്കൽ ഫീസ് മാത്രം കുറയ്ക്കും. 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ റദ്ദാക്കുമ്പോൾ ടിക്കറ്റ് നിരക്കിന്റെ 25% കുറയ്ക്കുന്നതിനൊപ്പം റദ്ദാക്കൽ ഫീസും ഈടാക്കും.

ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിൻ്റെ 50% മാത്രമാണ് തിരികെ ലഭിക്കുക. എന്നാൽ, എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ റീഫണ്ട് ലഭിക്കില്ല. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാനും സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും റെയിൽവേ ശൃംഖലയെ ആധുനികവൽക്കരിക്കുന്നതിനും യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാർക്ക് ഇനിമുതൽ ഏതൊരു റെയിൽവേ സ്റ്റേഷനിൽ നിന്നും ഓഫ്‌ലൈനായി ടിക്കറ്റുകൾ റദ്ദാക്കാനും സാധിക്കും.

Related Posts