കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിട്ടപ്പോൾ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാടാണ്. 10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ജൂലായ് 28-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെയും സമ്മാനമായി നൽകും.