നാവിക സേനാ ദിനാചരണത്തിൻ്റെ ഭാഗമായി നാളെ ശംഖുമുഖത്ത് നടത്തുന്ന നാവിക അഭ്യാസ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൌപതി മുർമു ആണ് മുഖ്യാതിഥി. നാവികസേനാ ദിനമായ ഡിസംബർ 4ന് നടക്കേണ്ട അഭ്യാസ പ്രകടനങ്ങളാണ് രാഷ്ട്രപതിയുടെ സൗകര്യാർഥം ഒരു ദിവസം മുൻപു നടത്തുന്നത്.

ഇന്ത്യൻ നാവികസേനയുടെ വിവിധ മേഖലകളിലെ പ്രവർത്തന ശേഷികൾ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന ഈ പരിപാടിയിൽ 46,000-ത്തിലധികം കാണികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയുടെ പ്രകടനത്തിലൂടെ നാവികസേനയുടെ മികവ് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

നാളെ വൈകിട്ട് 4.15 ന് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയോടൊപ്പം പവിലിയനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് ദിനേഷ് കെ.ത്രിപാഠി, ദക്ഷിണ നാവികസേന കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന എന്നിവരുമുണ്ടാകും.

Related Posts