കർണാടകത്തിൽ അധികാരമാറ്റം ഉടൻ ഉണ്ടാകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തത്കാലം സിദ്ധരാമയ്യതന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരും. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതിനാൽ മുൻധാരണപ്രകാരം ഈമാസം സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നായിരുന്നു മുൻധാരണ.
ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ ദളിത് മുഖ്യമന്ത്രി എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനുള്ളിൽത്തന്നെ പടയൊരുക്കമാരംഭിച്ചതോടെ അധികാരമാറ്റം വൈകിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.
‘നവംബർ വിപ്ലവം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇത് ഉടനില്ലെന്ന സൂചനയാണ് ശിവകുമാർ പക്ഷവും നൽകുന്നത്. വിപ്ലവം നടക്കാൻ പോകുന്നത് 2028 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോഴാണെന്നായിരുന്നു കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്. കർണാടകയിൽ രാഷ്ട്രീയാന്തരീക്ഷം മാറാതെ അധികാരമാറ്റം വേണ്ടെന്നാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിൻ്റെ തീരുമാനം. ഇക്കാര്യം സിദ്ധരാമയ്യയെ അറിയിച്ചെന്നാണ് വിവരം.