ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മത്സരം ഇന്ന് ബ്രിസ്ബണിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരവും വിജയിച്ച് പരമ്പര വിജയം സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രശ്നം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കഴിഞ്ഞ ഏഴ് ഇന്നിങ്സിൽ ഒരിക്കൽ പോലും അർദ്ധ സെഞ്ച്വറി നേടാൻ ഗില്ലിന് സാധിച്ചിരുന്നില്ല. എങ്കിലും കഴിഞ്ഞ മത്സരം നടന്ന കാൻബറയിലെ റൺസടിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ഗിൽ 46 റൺസ് നേടിയിരുന്നു.