മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻകൂടി കൊല്ലപ്പെട്ടു. മൈസൂർ സരഗൂർ താലൂക്കിൽ ബന്ദിപ്പൂർ വനാതിർത്തിക്കടുത്ത് ഹളെ ഹെഗ്ഗുഡിലു ഗ്രാമത്തിലെ ചൗഡനായക (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ മൈസൂരുവിൽ കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്ന മൂന്നാമത്തെ കർഷകനാണ് ചൗഡനായക. മൂന്നുപേരും സരഗൂർ താലൂക്ക് പരിധിയിലുള്ളവരാണ്.
ചൗഡനായക രാവിലെ കാളകളുമായി കൃഷിയിടത്തിലെത്തിയതായിരുന്നു. ഇതിനിടെ കടുവ അദ്ദേഹത്തെ ആക്രമിച്ചതാണെന്ന് കരുതുന്നു. കാളകൾ സ്വയം വീട്ടിലേക്ക് മടങ്ങിയെത്തിയതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് കൃഷിയിടത്തിലെത്തിയപ്പോൾ ചൗഡനായകയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മുള്ളൂരിനുസമീപം ബെന്നെഗെരെ സ്വദേശി രാജശേഖരൻ കഴിഞ്ഞമാസം 26-ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കുർണെഗെള സ്വദേശി ദൊഡ്ഡനിംഗയ്യ എന്നയാൾ കഴിഞ്ഞ മാസം 31-നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.