പരമ്പരാഗതമായി മനുഷ്യനെ ശ്രേണീകൃതമായി വിഭജിക്കുന്ന നിഷ്ടൂരമായ ജാതിവ്യവസ്ഥയാണ് എല്ലാ പുരോഗതിയിൽ നിന്നും രാജ്യത്തെ പുറകോട്ടടിക്കുന്നതെന്നും ചാതുർവർണ്ണ്യവ്യവസ്ഥയെന്ന വിവേചനം ഇല്ലാതാക്കാതെ ഇന്ത്യൻ സമൂഹത്തിനു സമഭാവനയോടെ മുന്നേറാനാവില്ലെന്നും മലയാളം സർവ്വകലാശാലയിലെ അധ്യാപകനും പരീക്ഷാകൺട്രോളറും പ്രശസ്ത നോവലിസ്റ്റുമായ ഡോ.സി.ഗണേഷ് അഭിപ്രായപ്പെട്ടു.
ബാംഗ്ലൂർ കവിക്കൂട്ടം സംഘടിപ്പിച്ച കെ.ആർ.കിഷോറിൻ്റെ “ഡോ.ബി.ആർ അംബേദ്കർ: ജീവിതവും ദർശനവും” എന്ന ജീവചരിത്രവും, “നാടുറങ്ങാത്ത നാടക രാവുകൾ” എന്ന നോവലും പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമൂഹത്തെ തലമുറകളായി ബാധിച്ച ഏറ്റവും വലിയ മഹാരോഗമാണ് ജാതിവ്യവസ്ഥയെന്നാണ് അംബേദ്കർ പറഞ്ഞത്. ജാതി എന്നല്ല ജാതിവ്യവസ്ഥ എന്നും ഇന്ത്യൻ ജനതയുടെ മനസ്സിൽസൃഷ്ടിക്കപ്പെട്ട മാലിന്യമാണതെന്നും ആ മാലിന്യത്തിൽ നിന്നും ഏതെങ്കിലും വിധത്തിൽ പുറത്തു കടക്കാനുള്ള സംവാദത്തിൻ്റെ തുറസ്സാണ് ഇത്തരം കൃതികളുടെ പ്രകാശനത്തിലൂടെ സാധ്യമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോവലിസ്റ്റും അധ്യാപകനുമായ ഡോ.സി.ഗണേഷ് പുസ്തക പ്രകാശനം നിർവ്വഹിച്ചു. ബി.എസ്.ഉണ്ണികൃഷ്ണൻ ടി. എം. ശ്രീധരൻ എന്നിവർ യഥാക്രമം പുസ്തകങ്ങൾ ഏറ്റുവാങ്ങി.
എഴുത്തുകാരൻ സുധാകരൻ രാമന്തളി ചർച്ച ഉദ്ഘാടനം ചെയ്തു.ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. രമ പ്രസന്ന പിഷാരടി സ്വാഗതമാശംസിച്ചു.
നവീൻ.എസ്.പുസ്തകാവലോകനം നടത്തി. ബി.എസ്.ഉണ്ണികൃഷ്ണൻ, ടി. എം.ശ്രീധരൻ, രാജൻ ജേക്കബ്, പുസ്തകങ്ങളുടെ പ്രസാധകൻ മൈത്രി ബുക്സ് ഡയറക്ടർ ലാൽസലാം, ജെ. എം. ജയചന്ദ്രൻ, സിന കെ.എസ്, ഡോ.പ്രേംരാജ്, ഷംസുദ്ദീൻ കൂടാളി, നാസർ നീലസാന്ദ്ര, ഗീത നാരായണൻ, സന്തോഷ് തൈക്കാട്ടിൽ, കെ പി ശശിധരൻ, രഞ്ജിത്, തങ്കച്ചൻ പന്തളം, മുഹമ്മദ് കുനിങ്ങാട്, രതിസുരേഷ്, അനീസ് സി.സി.ഒ, ടോണി തുടങ്ങിയവർ സംസാരിച്ചു.
വി കെ വിജയൻ നാടക ഗാനങ്ങൾ ആലപിച്ചു ഗ്രന്ഥകർത്താവ് കെ.ആർ കിഷോർ മറുമൊഴി പ്രഭാഷണം നടത്തി. അർച്ചന സുനിൽ നന്ദി പറഞ്ഞു.


