ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ) സംഘടിപ്പിക്കുന്ന നാടകം ‘അനുരാഗക്കടവിൽ’ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6.30ന് ഇ.സി.എ. ഹാളിൽ അരങ്ങേറും. ചെന്നൈയിലെ മലയാള നാടക സംഘടനയായ ‘ടീം ആർട്സ്’ ആണ് ‘അനുരാഗക്കടവിൽ’ നാടകം അവതരിപ്പിക്കുന്നത്. ആനന്ദ് രാഘവൻ ആണ് നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പി കെ സജിത്ത്, ഗോപരാജ് മാധവൻ എന്നിവർ ചേർന്നാണ് നാടകത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകളെയും സ്നേഹത്തിൻ്റെ അനന്തതയെയും തീർത്തും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു വികാരനാടകമാണ്. ജീവിതത്തിൻ്റെ തിരമാലകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യഹൃദയങ്ങളുടെ നന്മയും നൊമ്പരവും, ആഗ്രഹങ്ങളും നഷ്ടങ്ങളും നിറഞ്ഞ ആത്മീയമായ യാത്രയെ ഈ നാടകം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.
മനുഷ്യഹൃദയങ്ങളുടെ താളങ്ങളും പ്രണയത്തിൻ്റെ ഏറ്റക്കുറച്ചിലുകളും, അതിലൂടെ ഓരോ കഥാപാത്രങ്ങളിലും ഉണ്ടാകുന്ന ആത്മീയ പുനർജന്മവുമാണ് ‘അനുരാഗക്കടവിൽ’ പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാട്ടുന്നത്. വികാരസമ്പന്നമായ ഭാഷയും ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്ന അവതരണശൈലിയും ഈ നാടകത്തെ അപൂർവ അനുഭവമാക്കുന്നു.
പ്രവേശനം തികച്ചും സൗജന്യമായിരിക്കും.