വിദ്യാർത്ഥി വഴിക്കടവിൽ ഷോക്കേറ്റു മരിച്ച സംഭവത്തിൽ മരണത്തിൽ ഗൂഡാലോചന എന്നല്ല പ്രതിപക്ഷത്തിന്റെ പ്രതികരണത്തിൽ ഗുഡാലോചന എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വാർത്ത തെറ്റായി നൽകി തന്നെ ഒറ്റപ്പെടുത്താനും മോശമാക്കാനുമുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്നും പറഞ്ഞു. ചില മാധ്യമങ്ങൾ ആരോപിച്ച പോലെ മുഖ്യമന്ത്രി തന്നെ ശാസിച്ചില്ലെന്നും പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. താൻ ഗൂഡാലോചന ഉന്നയിച്ചത് മരണത്തിലല്ല. സർക്കാർ സ്പോൺസേഡ് അപകടമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ആരോപണത്തിൽ മറുപടി പറയേണ്ടത് മന്ത്രി. പ്രതിപക്ഷമാണ് വിവാദത്തിന് തുടക്കമിട്ടതെന്നും പറഞ്ഞു. അപകടം നടന്നത് ഖേദകരമാണെന്നും എന്നാൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഷോക്കേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഒരു സ്വകാര്യവ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴിചാരരുതെന്നും കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്നും വനംവകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ലെന്നും സോളാർ ഫെൻസിംഗ് മാത്രമേ സ്ഥാപിക്കാറുള്ളൂ എന്നും പറഞ്ഞു. കാട്ടുപന്നികളെ നിയന്ത്രിക്കാൻ വഴിക്കടവ് പഞ്ചായത്ത് എന്ത് നടപടികൾ സ്വീകരിച്ചെന്ന് പരിശോധിക്കണമെന്നും പല പഞ്ചായത്തും വനംവകുപ്പുമായി സഹകരിക്കുന്നില്ലെന്നും വനംവകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും പറഞ്ഞു.