തുടരും സിനിമയുടെ ടീം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രം ഇന്ന് തൊടുപുഴ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ വച്ച് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്‍റെ പിതാവ് ഉസ്മാന്‍ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് തികച്ചും ലളിതമായ ചടങ്ങില്‍ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
മോഹന്‍ലാലിന്‍റെ നായികയായി മീരാജാസ്മിനാണ് അഭിനയിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍, പ്രകാശ് വര്‍മ്മ തുടങ്ങിയവരുടേയും മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ഇരുപത്തിയൊന്നാമത്തെ ചിത്രവും മോഹന്‍ലാലിന്‍റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവുമാണിത്. ഒരു സാധാരണ പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.