അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രതിഷേധം വ്യാപകമായതോടെ ഹയർസെക്കൻഡറിയിലെ വിവാദ ഉത്തരവ് സർക്കാർ തിരുത്തി. ഒരു ദിവസം ശരാശരി രണ്ടുമണിക്കൂറിൽ കൂടുതൽ അധ്യാപകർക്ക് ജോലിയില്ലെന്നും ഒരു മുഴുവൻ സമയ ക്ലാർക്കിനുള്ള ജോലികളില്ലാത്തതിനാൽ, അതുകൂടി ചെയ്യാനാണ് ചെയ്യാനാണ് പ്രിൻസിപ്പലിന് ആഴ്ചയിൽ 8 പിരീഡായി അധ്യാപനം കുറച്ചിട്ടുള്ളതെന്നുമായിരുന്നു കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ വിവാദപരാമർശം.
ക്ലാർക്ക്, ലൈബ്രേറിയൻ, മുഴുവൻ സമയ അനധ്യാപകതസ്തിക എന്നീ തസ്തികകൾ എറണാകുളം വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂളിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജർ സമർപ്പിച്ച ഹർജി തീർപ്പാക്കിയുള്ള ഉത്തരവിനെക്കുറിച്ച് തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രിൻസിപ്പൽമാരെയും അധ്യാപകരെയും അപഹസിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അധ്യാപകസംഘടനകളും രംഗത്തെത്തി. പ്രശ്നം ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഇടപെടുകയായിരുന്നു.