കണ്ണൂർ പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ശരണിനെ കണ്ണൂരിലെ വീട്ടിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ബസ് സ്റ്റാൻഡിൽ വെച്ച് യുവതിയെ മർദിച്ചതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടന്നതെന്നാണ് പരാതി.
മൊകേരി വള്ളങ്ങാട് സ്വദേശിനിയും കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയുമായിരുന്ന ആദിത്യ ജൂൺ 14-നാണ് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ സമഗ്രവും ശക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആദിത്യയുടെ കുടുംബം രംഗത്തെത്തി. കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ മനേക്കര സ്വദേശിയായ ശരണിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ആദിത്യയും ശരണും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരണ്‍ ആദിത്യയെ മർദിച്ചതായും, അതുമൂലമുണ്ടായ മാനസിക ആഘാതമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.
യുവതി ശാരീരിക പീഡനത്തിനും ഇരയായിരുന്നുവെന്നും ദേഹത്ത് മർദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുവായ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.