കഷായത്തിൽ കീടനാശിനി കലർത്തി ഷാരോൺനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കോടതി അഭിനന്ദിച്ചു. അമ്മാവൻ നിർമൽകുമാറിന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. 2022 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച്‌ അവശനായ ഷാരോൺ 11 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്ന് ഒക്ടോബർ 25നാണ്‌ മരിച്ചത്‌. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.

Related Posts