കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കണ്ണഞ്ചേരി കല്ലായി റോഡിലെ ‘മുബസാന’യിൽ അഹമ്മദിൻ്റെ മകൻ ഫൈസാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ 7.50ഓടെ കണ്ണഞ്ചേരിയിലായിരുന്നു അപകടം. യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഫൈസാനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി പാളത്തിൻ്റെ മധ്യത്തിലേക്ക് തെറിച്ചുവീണു. ട്രെയിൻ കുട്ടിയുടെ മുകളിലൂടെ കടന്നുപോയെങ്കിലും പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന നിലയിലാണ് കണ്ടെത്തിയത്.
വിവരം ലഭിച്ചെത്തിയ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിതയും സംഘവും ചേർന്നാണ് ഫൈസാനെ ഉടൻ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.