മലപ്പുറത്ത് കോട്ടപ്പടി ബസ്സ്റ്റാൻഡിൽ റെയിൽവേ നേരിട്ടുനടത്തുന്ന ജില്ലയിലെ ഏക ടിക്കറ്റ്ബുക്കിങ് കേന്ദ്രം തിങ്കളാഴ്ച മുതൽ അടച്ചു. മലപ്പുറത്ത് വർഷങ്ങൾക്കു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ ശ്രമഫലമായാണ് ഈ കേന്ദ്രം തുടങ്ങിയത്. ആൾക്ഷാമം, വരുമാനക്കുറവ്, ഓൺലൈൻ സൗകര്യക്കുറവ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് റെയിൽവേ ഈ കേന്ദ്രം അടച്ചത്. പലതവണ ഈ ഓഫീസ് അടച്ചിരുന്നു. അപ്പോഴൊക്കെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെത്തുടർന്ന് വീണ്ടും തുറന്നു.
2023 മേയിൽ ഇതുപോലെ തുറന്നപ്പോൾ പ്രവൃത്തിദിനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ മാത്രമാക്കി കുറച്ചു. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. ജനപ്രതിനിധികൾ കൂടി ഇടപെട്ടപ്പോൾ 2024 ഏപ്രിൽ മുതൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളും പ്രവൃത്തിദിനങ്ങളാക്കി. രാവിലെ 8 മുതൽ 2 വരെയാണ് സമയം. റെയിൽവേയുടെ ഉദ്യോഗസ്ഥൻ തന്നെയാണ് ഇവിടെയുണ്ടാവുക. മഞ്ചേരി, കോട്ടയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നഗരസഭകൾ കമ്മിഷൻ വ്യവസ്ഥയിലാണ് ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങൾ നടത്തുന്നത്.