സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ മിനിമം വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർദ്ധനയിൽ ധാരണയിലെത്താത്ത കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകുമെന്ന് വാഗ്ദാനം നൽകിയതോടെ സമരം പിൻവലിക്കുകയായിരുന്നു.
ആവശ്യം അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് സമരം പുനഃരാരംഭിച്ചത്. സർക്കാർ നിശ്ചയിച്ച ശമ്പളത്തേക്കാൾ ഉയർന്ന തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് നടത്തിവന്ന സമരം പിൻവലിച്ചത്. അതേസമയം സമരം തുടരുന്ന ആശുപത്രികളിലെ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടക്കും.