ലോകോത്തര നിലവാരത്തിലുള്ള തമിഴ്നാട് ഒളിമ്പിക് സിറ്റി ചെന്നൈയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങളുടെ മെഡൽ നേട്ടം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വൻകിട കായികമേളകൾക്ക് താരങ്ങളെ സജ്ജരാക്കുന്നതിനായി അത്യാധുനിക പരിശീലന സൗകര്യങ്ങളോടെയുള്ള ഏകീകൃത കായിക കേന്ദ്രമായാണ് ഒളിമ്പിക് സിറ്റി വിഭാവനം ചെയ്യുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ, ആധുനിക പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ കേന്ദ്രങ്ങൾ എന്നിവ ഇവിടെ ഒരുക്കും. താരങ്ങൾക്കും പരിശീലകർക്കുമായി ആധുനിക താമസസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഇതിന് പുറമെ ചെന്നൈയിൽ പ്രത്യേക മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കും. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും മോട്ടോർ സ്പോർട്സ് സിറ്റി വികസിപ്പിക്കുക.