അനധികൃത നിർമാണങ്ങൾക്കും അപകടകരമായ കെട്ടിടങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തലസ്ഥാനത്തെ 12 സോണുകളിലായി നടത്തിയ പരിശോധനയിൽ 41 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും 61 കെട്ടിടങ്ങൾ സീൽ ചെയ്യാനും ഉത്തരവിട്ടു.

ഇതിന് പുറമെ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 32 പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് കെട്ടിടങ്ങൾക്കെതിരെ പൊളിക്കൽ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിടനിർമാണ ചട്ടലംഘനം, അനധികൃത നിർമാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടസാധ്യതയുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കെതിരായ പരിശോധനയും നടപടികളും തുടരുമെന്ന് കോർപറേഷൻ അറിയിച്ചു.

ഡൽഹിയിലുടനീളമുള്ള പി.ജി. താമസസൗകര്യങ്ങളുടെ വിശദമായ സർവേയും കോർപറേഷൻ നടത്തിവരികയാണ്. ഇതുവരെ 1,355ഓളം പി.ജി. കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി ഏകദേശം 27,000 പേർ താമസിക്കുന്നതായാണ് കണക്ക്. പി.ജി. സ്ഥാപനങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനൊപ്പം കെട്ടിടങ്ങളുടെ സുരക്ഷയും നിയമാനുസൃതതയും പരിശോധിക്കുകയാണ് സർവേയുടെ ലക്ഷ്യം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ അനധികൃതമായി പ്രവർത്തിക്കുന്നതോ ആയ പി.ജി. സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഹോസ്റ്റലുകൾക്ക് പുറമെ ബേസ്‌മെന്റുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 54 കടകളും സീൽ ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ ആറിന് സത്യ നികേതനിൽ ‘ഹോസ്റ്റൽ ഡേയ്സ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആൺകുട്ടികളുടെ പി.ജി. കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചതിന് പിന്നാലെയാണ് പരിശോധനകളും നടപടികളും ശക്തമാക്കിയത്. 15 മുറികളുണ്ടായിരുന്ന കെട്ടിടത്തിൽ ഓരോ മുറിയിലും രണ്ടോ മൂന്നോ വിദ്യാർഥികൾ വീതമാണ് താമസിച്ചിരുന്നത്.

അനധികൃതമായി അധിക നിലകൾ നിർമിച്ചതാണ് കെട്ടിടം തകരാൻ കാരണമായതെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ പി.ജി.കളും ഹോസ്റ്റലുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് വ്യാപക പരിശോധനയാണ് നടക്കുന്നത്.

Related Posts