പത്താം റൗണ്ടിലും വിജയം കൊയ്ത് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്, ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തൻ്റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര പോയിന്‍റോടെയാണ് ഗുകേഷ് ആണ് മുന്നിലുള്ളത്. ഇനി മൂന്ന് റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. ലോക ചെസ് കിരീടം നേടിയ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റാണ് നെതര്‍ലാന്‍റ്സില്‍ ഇപ്പോള്‍ നടന്നുവരുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. പത്താം റൗണ്ടില്‍ മാക്സ് വാര്‍ഡര്‍ഡാമിനെയാണ് ഗുകേഷ് തോല്‍പിച്ചത്.
പത്താം റൗണ്ടിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന റഷ്യന്‍ താരം വ്ളാഡിമിര്‍ ഫീഡോസീവിനെ പ്രജ്ഞാനന്ദ അട്ടിമറിച്ച് ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി.
ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷ് കിരീടം കൊയ്യും എന്ന് തന്നെയാണ് ചെസിലെ വിദഗ്ധരുടെ അഭിപ്രായം. ഗുകേഷിന് തൊട്ട് പിന്നില്‍ നില്‍ക്കുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറൊവും മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. പത്താം റൗണ്ടില്‍ അദ്ദേഹം അലക്സി സാരനയെ തോല്‍പിച്ചതോടെ ഏഴു പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.