കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. വ്യാഴാഴ്ച രാവിലെ മുതല്‍ കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
കാശ്മീരിലെ കിഷ്ത്വാറില്‍ നാലോളം ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ ഭീകരവാദികളുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടം വളഞ്ഞത്. ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പിന്നാലെ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.
തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികന് വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത പരിശ്രമം തുടരുകയാണെന്നും ‘ഓപ് ത്രാഷി’ എന്ന് പേരിട്ട ഓപ്പറേഷന് തുടരുകയാണെന്നും എക്സ് പോസ്റ്റില്‍ സേന പറയുന്നു.