വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിട്ട ഐഎഎസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജരേഖ നിർമ്മിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നിരുന്നത്. പൂജയുടെ ഹർജി ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. കോടതി പൂജയോട് അന്വേഷണത്തോട് സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പൂജയ്ക്ക് മുൻകൂർജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. പൂജയുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണത്തെയും അവർക്കെതിരേ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഇത്. പൂജ ചെയ്‌തത്‌ ഏത്‌ തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ആരാഞ്ഞു.

അവർ (പൂജ) മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവർ കൊലപാതകം ചെയ്‌തിട്ടില്ല. അവർ എൻഡിപിഎസ് നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ല. എല്ലാം അവർക്ക് നഷ്‌ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിൻ്റെ വിവരങ്ങളും പശ്ചാത്തലവും നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും പറഞ്ഞു.

പൂജ ശാരീരികവൈകല്യം സംബന്ധിച്ച് സമർപ്പിച്ച സർട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സർട്ടിഫിക്കറ്റും വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ പൂജയ്ക്കെതിരേ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടപടി എടുത്തിരുന്നു. അവരെ സർവീസിൽ നിന്ന് പുറത്താക്കുകയും ഭാവിയിൽ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിൽ നിന്നും ഡീബാർ ചെയ്യുകയും ചെയ്തിരുന്നു.

Related Posts