വിമാനത്തിനുള്ളിൽ പുക; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക ഉയർന്ന് അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു.
ഉടൻ തന്നെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് നടത്തുകയായിരുന്നു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. സാങ്കേതിക തകരാർ കണ്ടെത്താൻ എൻജിനീയർമാർ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരെ ഡൽഹിയിൽ എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.