പ്രതിഷേധ റാലിക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കയർത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിബി-ജി റാം ജി എന്ന പേരിൽ പുതിയ പദ്ധതി കൊണ്ടുവന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം.

സിദ്ധരാമയ്യ സംസാരിക്കാനായി കസേരയിൽ നിന്നെഴുന്നേറ്റ ഉടനെ, കോൺഗ്രസ് പ്രവർത്തകർ ‘ഡി.കെ, ഡി.കെ’ എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രസംഗിക്കാനായി സിദ്ധരാമയ്യ വേദിയിലേക്ക് എത്തിയതോടെ മുദ്രാവാക്യം വിളി കൂടുതൽ ഉച്ചത്തിലായി. ഇതിൽ പ്രകോപിതനായി സിദ്ധരാമയ്യ കോൺഗ്രസ് പ്രവർത്തകരോട് നിശബ്‌ദത പാലിക്കാൻ ആക്രോശിക്കുകയായിരുന്നു. എന്നാൽ പ്രവർത്തകർ മുദ്രാവാക്യം വിളി തുടരുകയായിരുന്നു.

ആരാണ് ‘ഡി.കെ, ഡി.കെ’ എന്നു വിളിച്ചുകൂവുന്നതെന്നു സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളോട് ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ മിണ്ടാതിരിക്കാൻ അവതാരകനും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സിദ്ധരാമയ്യ പ്രസംഗം തുടങ്ങിയശേഷവും പ്രവർത്തകർ ബഹളം വക്കുകയായിരുന്നു.

Related Posts