ബാങ്കിൻ്റെ ലോക്കറിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണ്ണവും പണവും കൊള്ളയടിച്ച കേസിൽ കാനറ ബാങ്കിൻ്റെ മാനേജർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഹുബ്ബള്ളി ശാഖയിൽ നിലവിൽ ജോലി ചെയ്യുന്ന സീനിയർ മാനേജർ വിജയകുമാർ മിരിയാല (41), ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വിജയപുര ജില്ലയിലെ മണഗുളി ശാഖയിൽ മെയ് 25 നാണ് കവർച്ച നടന്നത്. മുമ്പ് വിജയകുമാർ ഇവിടെ ബ്രാഞ്ച് മാനേജരായിരുന്നു. 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 5.2 ലക്ഷം രൂപയുമാണ് ലോക്കറിൽ നിന്ന് സംഘം കവർന്നത്.
പ്രതികൾ ബാങ്ക് കൊള്ളയടിക്കാൻ ആസൂത്രിതമായി ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ വിജയകുമാറിനെ ശാഖയിൽ നിന്ന് മാറ്റുന്നതുവരെ കാത്തിരുന്നു. സ്ഥലം മാറ്റം ലഭിച്ചതോടെ വിജയകുമാർ ലോക്കറിൻ്റെ താക്കോലുകൾ കൂട്ടാളികൾക്കു കൈമാറുകയും അവർ ഡ്യൂപ്ളിക്കേറ്റുകൾ നിർമ്മിക്കുകയുമായിരുന്നു. ഇതുപയോഗിച്ചാണ് കവർച്ച നടത്തിയത്. ഇതുവരെ 10.5 കിലോഗ്രാം സ്വർണ്ണം വീണ്ടെടുക്കാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.