കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു. സഹപ്രവർത്തകരുമായി പാട്ടീൽ സംസാരിക്കുന്നതിൻ്റെ വീഡിയോ ആണ് പുറത്തായത്. സോണിയ ഗാന്ധിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്തിയത് താനാണെന്നും താൻ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീൽ വീഡിയോയിൽ പറയുന്നുണ്ട്.
‘ഭാഗ്യ ലോട്ടറിയടിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന് സോണിയ ഗാന്ധിയെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. ഭാഗ്യമുണ്ടായിരുന്നു അദ്ദേഹത്തിന് അതുകൊണ്ടാണ് ഈ സ്ഥാനത്തെത്തിയത്. സിദ്ധരാമയ്യയുടെ വിജയം അനുകൂലമായ ഗ്രഹനില അനുസരിച്ചാണ്. എന്നാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ യാത്രയ്ക്ക് സമാനമായ ഭാഗ്യമില്ല. നോക്കു, ഞങ്ങൾക്ക് ഒരു ഗോഡ്‌ഫാദർ ഇല്ല. വാസ്‌തവത്തിൽ, ഞങ്ങൾക്ക് ദൈവവും ഇല്ല, പിതാവും ഇല്ല’. പാട്ടീൽ പറഞ്ഞു.
ഭവനവകുപ്പിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് അടുത്തിടെ ബി.ആർ. പാട്ടീൽ പറയുന്ന ഫോൺ സംഭാഷണം അടുത്തിടെ പുറത്തു വന്നിരുന്നു. സിദ്ധരാമയ്യയുടെ വലം കൈയും ഭവനവകുപ്പു മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ്റെ നേരെയാണ് ആരോപണമുയർന്നത്.
ഭവനവകുപ്പിൽ നടക്കുന്ന അഴി മതിയാണ് സമീർ അഹമ്മദ് ഖാൻ്റെ പിഎയോട് സംസാരിക്കവേ പാട്ടീൽ വെളിപ്പെടുത്തിയത്. പാട്ടീലിനെ പിന്തുണച്ച് പാർട്ടിയുടെ എംഎ ൽഎമാരായ ബേലൂർ ഗോപാലകൃഷ്‌ണൻ, രാജു കാഗെ എന്നിവർ രംഗത്തെത്തിയത് സർക്കാരിൽ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.