നവജാതശിശുവിനെ ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിനു സമീപം സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ആശുപ്രതിക്ക് സമീപം കിടന്ന ബാഗിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് ഏതാനും മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.

സംഭവം നടന്നത് ബാഗൽകോട്ട് താലൂക്കിലെ കലദഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കുഞ്ഞിന് ആവശ്യമായ പരിചരണം പ്രദേശത്തെ സ്ത്രീകൾ ഓടിക്കൂടി നൽകി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ജില്ല ശിശുസംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ ജില്ല ആശുപ്രതിയിലേക്ക് മാറ്റി. കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.

കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രാദേശിക ആശുപത്രികളോട് സമീപകാല പ്രസവങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. കുഞ്ഞ് ശിശുക്ഷേമ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സ്ഥിരീകരിച്ചു കഴിഞ്ഞാൽ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റും.

Related Posts