എഴുത്തുകാരി ശാന്താ മേനോൻ്റെ കവിതാ സമാഹാരമായ ‘നീലത്തൂവലുള്ള പക്ഷി’ പ്രകാശനം ചെയ്തു. യെലഹങ്കയിലെ അരുൺ പാറ്റിയോസ് ക്ലബ്ബ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. സമാഹാരത്തിലെ കവിതകളുടെ ആസ്വാദനഭംഗിയും ആഴമേറിയ അർത്ഥതലങ്ങളും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.
പ്രാർത്ഥനയോടെയും ഭദ്രദീപം കൊളുത്തിയുമാണ് പരിപാടിക്ക് തുടക്കമായത്. കവയിത്രി രമാ പ്രസന്ന പിഷാരടി കവിതകളിലെ ഭാവാത്മകതയും കവിയുടെ മനോവ്യാപാരങ്ങളും അവതരിപ്പിച്ചു. അഡോർ പബ്ലിഷിങ് ഹൗസിനെ പ്രതിനിധീകരിച്ച് എത്തിയ എഴുത്തുകാരൻ പ്രേംരാജ് കെ.കെ. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിന് പിന്നിലെ സാഹചര്യങ്ങളും സമാഹാരത്തിലെ കവിതകളുടെ സവിശേഷതകളും പങ്കുവെച്ചു.
എഡിറ്റർ ഷൈനി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി പരിപാടി നിയന്ത്രിച്ചു. രുക്മിണി രാമന്തളി സമാഹാരത്തിലെ ഒരു കവിത ആലപിച്ചു. അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് സന്ദീപ് ഷെട്ടി, ജോജോ വർഗീസ്, ഷാജി അക്കിത്തടം, യുവപ്രതിഭ ഓസ്റ്റിൻ അജിത് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ശാന്താ മേനോൻ്റെ മക്കളായ സ്നേഹ മേനോനും രാജേഷ് മേനോനും സന്നിഹിതരായവരോട് നന്ദിയും സ്നേഹവും അറിയിച്ചു. തുടർന്ന് ശാന്താ മേനോൻ നന്ദിപ്രഭാഷണം നടത്തി.