ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴ് മുതലാണു മത്സരം. ഈഡൻ ഗാർഡൻസിൽ റൺ മഴ പ്രതീക്ഷിച്ചാണ് ഇരുടീമുകളും ഇറങ്ങുന്നത്. അഞ്ച് ട്വന്റി20 7 കളുടെ പരമ്പരയിൽ സൂര്യകുമാർ യാദവാണു ടീമിനെ നയിക്കുന്നത്.
ലോക ചാമ്പ്യനായ ഇന്ത്യ 2023 ഓഗസ്‌റ്റ് മുതൽ ട്വൻ്റി 20 യിൽ മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്. ഒൻപത് പരമ്പരകളിൽ എട്ടും സ്വന്തമാക്കാൻ അവർക്കായി.
ഒരു പരമ്പര സമനിലയായി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു ലോകകപ്പ് നേടിയതിനു പിന്നാലെ രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 യിൽനിന്നു വിരമിച്ചിരുന്നു. തുടർന്നു നടന്ന മത്സരങ്ങളിൽ ഇന്ത്യൻ യുവനിരയുടെ പ്രകടനം അമ്പരപ്പിക്കുന്നതായി. ആദ്യം ബാറ്റ് കഴിഞ്ഞ 11 മത്സരങ്ങളിൽ ഏഴിലും സ്കോർ 200 കടത്താൻ ഇന്ത്യൻ ബാറ്റർമാർക്കായി.
ന്യൂസിലൻഡിന്റെ മുൻ താരം ബ്രണ്ടൻ മക്കല്ലത്തിനു കീഴിലാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീമിന് 2023 മാർച്ച് മുതൽ നല്ല കാലമല്ല. ആറ് പരമ്പരകളിൽ രണ്ടെണ്ണം മാത്രമാണ് അവർക്കു നേടാനായത്. രണ്ടെണ്ണത്തിൽ സമനിലയുമായി രക്ഷപ്പെട്ടപ്പോൾ രണ്ടെണ്ണം കൈവിട്ടു. കഴിഞ്ഞ ലോകകപ്പിൽ അവർക്കു കിരീടം നിലനിർത്താനുമായില്ല. സെമി ഫൈനലിൽ ഇന്ത്യയോടാണ് അവർ തോറ്റത്. ട്വൻ്റി20 യിലെ കണക്കുകളിൽ ഇന്ത്യക്കാണു മുൻതൂക്കം. ഇരുവരെ നടന്ന 24 മത്സരങ്ങളിൽ 13 ലും ഇന്ത്യയാണു ജയിച്ചത്. ഇരുവരും തമ്മിൽ നടന്ന കഴിഞ്ഞ നാല് പരമ്പരകളും ഇന്ത്യയാണു നേടിയത്.