വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സീറ്റ് ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിൻ്റെ റിപ്പോര്‍ട്ട്, ചുമത്തിയ പിഴയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പേരിന് പാലിക്കേണ്ട നടപടിക്രമമല്ലെന്നും ജീവന്‍രക്ഷാ സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കേണ്ടവര്‍ക്ക് കണ്ണടച്ചിരിക്കാനാകില്ലെന്നും നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് വാഹനാപകടങ്ങളിലെ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു കോടതിയെ അറിയിച്ചു. 2005 മുതല്‍ കര്‍ശനമായ നിയമം നിലവിലുണ്ടെങ്കിലും പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടി.
2024ല്‍ വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ 80 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.