മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ കർണാടക ചാപ്റ്റർ തല മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. സെന്റർ, മേഖലാ തല മത്സരങ്ങൾക്കു ശേഷം നടന്ന ചാപ്റ്റർ തല മത്സരങ്ങളിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നൂറോളം കുട്ടികളും 20 അധ്യാപകരും പങ്കെടുത്തു. കേരളത്തിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള 16 പ്രമുഖ വിധികർത്തകർ മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തി.

പ്രശസ്ത എഴുത്തുകാരൻ പി.വി.ഷാജികുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോദരൻ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ശൈലേഷ് കുമാർ സ്വാഗതവും സെക്രട്ടറി ഹിത വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.

അധ്യാപക വിഭാഗത്തിൽ രാജരാജേശ്വരി മലയാളി സമാജത്തിലെ നീതു കുറ്റിമാക്കൽ ഒന്നാം സ്ഥാനവും, നോർത്ത് സോൺ – അലങ്കൃതയിലെ ഹരിത എസ്. ബി. രണ്ടാം സ്ഥാനവും, വിദ്യാരണ്യപുര കൈരളി സമാജത്തിലെ (VIKAS) ദിലീപ് കുമാർ കെ. മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ സന്ദീപനി ഹുസ്കൂർ ഗേറ്റ് ചന്ദാപുരയിലെ ആര്യലക്ഷ്മി എസ്. ഒന്നാം സ്ഥാനവും, മത്തിക്കരയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ നോറാ മറിയം ബേസിൽ രണ്ടാം സ്ഥാനവും, മൈസൂരിലെ അക്ഷര മലയാള വേദിയിലെ ദിയ എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റിലെ അക്ഷര ഒ ഒന്നാം സ്ഥാനവും, കേരള സമാജം മാഗഡി റോഡിലെ ആർദ്ര ടി.എസ്. രണ്ടാം സ്ഥാനവും, DRDO മലയാളം മിഷനിലെ അഭിനവ് മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ കേരള സമാജം മൈസൂരിലെ ദക്ഷ് എൻ. സ്വരൂപ് ഒന്നാം സ്ഥാനവും, കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റിലെ ശ്രദ്ധ ദീപക് രണ്ടാം സ്ഥാനവും, വിഗ്‌നാന ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റിലെ ശ്രീബാല ആർ. മൂന്നാം സ്ഥാനവും നേടി.

മലയാളം മിഷൻ്റെ നേതൃത്വത്തിൽ കുട്ടികളെ മലയാള ഭാഷയോടും കവിതയോടും സാഹിത്യത്തോടും ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ വർഷംതോറും സംഘടിപ്പിക്കുന്നതാണ് സുഗതാഞ്ജലി കാവ്യാലാപന മത്സരം. കർണാടക ചാപ്റ്ററിൽ നിന്നുള്ള വിജയികൾ ഇനി ആഗോളതല മത്സരത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷങ്ങളിലും കർണാടകയിൽ നിന്നുള്ള നിരവധി കുട്ടികൾ ആഗോള മത്സരത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിരുന്നു.

suga3
suga2
suga1

Related Posts