മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ 36-ാം മിനിറ്റിൽ വി.അർജുനാണ് ആദ്യം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്. 71-ാം മിനിറ്റിൽ പി. ടി. മുഹമ്മദ് റിയാസ് ലീഡ് ഉയർത്തി.
മുഹമ്മദ് അജ് സൽ കേരളത്തിനായി മൂന്നാം ഗോളും നേടിയത് മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ്. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് കേരളത്തിന് 10 പോയിന്റായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെയാണ് കേരളം ഇനി നേരിടുക.