യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ കാസർകോട് സ്വദേശിയായ മലയാളിയുൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആകെ 10 പേരാണ് മരിച്ചത്.

കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശിയായ വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസാവുവിൻ്റെ പതാക വഹിച്ചിരുന്ന എം.വി. ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. മുംബൈ ആസ്ഥാനമായ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.

വാളിപ്ലാക്കൽ ജോയൻ്റെയും സാലിയുടെയും ഏകമകനാണ് അഖിൽ. അവധിക്ക് നാട്ടിലെത്തി മടങ്ങി ഒരു മാസം മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. അടുത്തിടെ അഖിലിന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

മികച്ച കായികതാരമായിരുന്ന അഖിൽ വടംവലി മത്സരങ്ങളിലും റോപ്പ് പുൾ ഇനത്തിലും ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അപ്രതീക്ഷിതമായ മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഒഡേസ തീരത്ത് നടന്ന ഈ ആക്രമണം വീണ്ടും അന്താരാഷ്ട്ര ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

Related Posts