ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മണിക്കൂറുകളോളം വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിഅറിയിച്ചു. കെ.പി.ടി.സി.എൽ നടത്തുന്ന അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണ പ്രവർത്തനങ്ങളുമാണ് നിയന്ത്രിത വൈദ്യുതി മുടക്കിന് കാരണം.

രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും, ചിലയിടങ്ങളിൽ 11 മണി മുതൽ വൈകിട്ട് 4 മണിവരെയും വൈദ്യുതി വിതരണം തടസ്സപ്പെടും. ചില ഫീഡറുകളിലും സബ്സ്റ്റേഷനുകളിലും ജോലി പൂർത്തിയാകുന്ന സമയത്തെ ആശ്രയിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഗംഗാനഗർ, വീവേഴ്സ് കോളനി, CBI ക്വാർട്ടേഴ്സ്, 40/220 കോളനി, CPU ബ്ലോക്ക്, യു.എ.എസ്. ക്യാമ്പസ്,
ദിന്നൂർ മെയിൻ റോഡ്, ആർ.ടി.നഗർ, HMT ബ്ലോക്ക്, ചാമുണ്ഡി നഗർ, ആർമി വെറ്ററൻസ് കോളനി, ആർ.ടി. നഗർ പൊലീസ് സ്റ്റേഷൻ പരിസരം, ഡോളേഴ്സ് കോളനി, എം.എൽ.എ. ലേഔട്ട്, രതൻ അപ്പാർട്ട്മെന്റ്, ഗായത്രി അപ്പാർട്ട്മെന്റ്, കൃഷ്ണപ്പ ബ്ലോക്ക്, ഗുഡ്ഡദഹള്ളി ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങൾ ഉൾപ്പെടെ നഗരത്തിലെ 80-ലധികം ലേഔട്ടുകളും പാർപ്പിട മേഖലകളും വൈദ്യുതി മുടക്കിൻ്റെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങൾ മുൻകൂട്ടി ചാർജ് ചെയ്യുക, ഇൻവെർട്ടർ/ജനറേറ്റർ സൗകര്യമുള്ളവർ അത് സജ്ജമാക്കുക, വൈദ്യുതി ആശ്രയിച്ചുള്ള ജോലികൾ രാവിലെ തന്നെ പൂർത്തിയാക്കുക എന്നിവയ്ക്ക് ബെസ്‌കോം ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയായ ഉടൻ വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Posts