പൊതു സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി കർണാടക സർക്കാർ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. അർഹരായ പൗരന്മാർക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സൗജന്യമായി വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടക്കമിട്ടത്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പുരോഗമിക്കുന്ന സാഹചര്യത്തിൽ, വോട്ടവകാശവുമായി ബന്ധപ്പെട്ട രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി സർട്ടിഫിക്കറ്റുകൾ കൈമാറും. അതോടൊപ്പം, സർക്കാർ ആരംഭിച്ച പ്രത്യേക വെബ്സൈറ്റുകൾ വഴി രേഖകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
റവന്യൂ വകുപ്പിൻ്റെ ഡാറ്റാബേസിലുള്ള ഏകദേശം 4.85 കോടി കുടുംബങ്ങളുടെ ജാതി, വരുമാന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ആർ.ഡി. നമ്പർ, റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ ഉപയോഗിച്ച് സർക്കാർ പോർട്ടലിൽ നിന്ന് ജാതി സർട്ടിഫിക്കറ്റും മറ്റ് രേഖകളും സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സഹായ കേന്ദ്രങ്ങളിലും ഈ സേവനങ്ങൾ ലഭ്യമാകും.
ഇതിനകം 57 ലക്ഷത്തിലധികം ജാതി സർട്ടിഫിക്കറ്റുകൾ ഗുണഭോക്താക്കളുടെ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചതായും, വാട്ട്സ്ആപ്പും എസ്.എം.എസും വഴി ഡൗൺലോഡ് ലിങ്കുകൾ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിജിറ്റൽ സംവിധാനങ്ങളും വീടുകളിലെത്തുന്ന സേവനവും വഴി സർക്കാർ രേഖകൾ ലഭ്യമാക്കുന്ന പ്രക്രിയ കൂടുതൽ വേഗത്തിലും സൗജന്യമായും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.