മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ റാലിക്ക് തുടക്കമായി. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് മാർച്ച് നടത്തുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽനിന്നാണ് റാലി ആരംഭിച്ചത്. രാഹുൽ ഗാന്ധി, ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ മുദ്രാവാക്യം പതിച്ച വാഹനത്തിൽ യാത്ര തിരിച്ചു. എംപിമാർ നാല് ബസുകളിലായാണ് രാംലീല മൈതാനിയിലെത്തിയത്.
സോണിയ ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ്, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരും റാലിയിൽ പങ്കെടുക്കാനെത്തി. കേരള ഹൗസിൽനിന്ന് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ മന്ത്രിമാരും പുറപ്പെട്ടു. എഐസിസി ആസ്ഥാനത്ത് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും ഒത്തുചേർന്നു. സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളായ എം.വി. ഗോവിന്ദൻ, പി. രാജീവ് എന്നിവരും സുര്ജിത് ഭവനിൽനിന്ന് മാർച്ചിൽ പങ്കെടുക്കാനായി പുറപ്പെട്ടു.
ഇതിന് മുന്നോടിയായി ശനിയാഴ്ച ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മോക്ക് പാർലമെന്റ് ചേർന്നിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരസ്യ വിചാരണ നടത്തുന്നതിൻ്റെ ഭാഗമായായിരുന്നു യോഗം. വരും ദിവസങ്ങളിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം. റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്