പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയായ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. തിരുവനന്തപുരം നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
പനവൂർ സ്വദേശി സഹദ് (21) ആണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ എതിർവശത്ത് വന്ന വാഹനത്തെയും ഇടിച്ചതായാണ് വിവരം.
മുഖത്തും കഴുത്തിലുമായി കുത്തേറ്റ വിദ്യാർഥിനിയെ നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കഴുത്തിന് പിന്നിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ വട്ടപ്പാറ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.