സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ തമിഴ്നാട് സർക്കാരിൻ്റെ സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ഏകോപിത നീക്കം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, ഇതിനകം കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഡിജിപിമാരുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചപ്പോഴാണ് സംസ്ഥാനത്തെ ലഹരി വ്യാപനത്തിൻ്റെ വ്യാപ്തി ഇത്രയും ഗുരുതരമാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. വെറും 42 ദിവസത്തിനിടെ ആറായിരത്തോളം പേരെ കേസുകളിലായി പിടികൂടാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ഇതിനൊപ്പം 70 കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തതായും ചെന്നിത്തല വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.