കാവേരി ജലവിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്താനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ തീരുമാനത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നേരിട്ടുള്ള ചർച്ചയ്ക്ക് പകരം നിയമപോരാട്ടം തുടരണമെന്നാണ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടത്.
കാവേരി വിഷയത്തിൽ ഇതുവരെ തമിഴ്നാട് സുപ്രീം കോടതിയെയും നിയമനടപടികളെയുമാണ് ആശ്രയിച്ചിരുന്നതെന്നും, ആ നിലപാടിൽ നിന്ന് പിന്മാറുന്നത് സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകാമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
അതേസമയം, വിഷയത്തിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. കർണാടകയുമായി മുഖ്യമന്ത്രി തലത്തിൽ നടക്കുന്ന കൂടിക്കാഴ്ച തമിഴ്നാടിൻ്റെ നിലപാടിനെ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയും (ഇപിഎസ്) വിമർശിച്ചു.
ഓഗസ്റ്റ് 3-നാണ് ബെംഗളൂരുവിൽ ജോസഫ് വിജയിയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കാവേരി ജലവിതരണം, സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ജലവിഹിതം, മേക്കേദാട്ടു അണക്കെട്ട് പദ്ധതി എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
അതേസമയം, കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട് ബസുകൾ ഹൊസൂരിൽ സർവീസ് അവസാനിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് വിജയ് ചർച്ചയ്ക്ക് തയ്യാറാകുന്നത്. മുൻകാലങ്ങളിൽ നടന്ന ചർച്ചകൾ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന ചൂണ്ടിക്കാട്ടി ഇത്തവണയും കൂടിക്കാഴ്ചയിൽ നിന്ന് കാര്യമായ നേട്ടമുണ്ടാകുമോയെന്ന ആശങ്ക തമിഴ്നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. വിജയ്യുടെ ഈ നീക്കം രാഷ്ട്രീയപരമായും വലിയ പരീക്ഷണമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.