ബംഗളൂരു യാത്രക്കാരിൽനിന്ന് അമിത തുക ഈടാക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ് ഉപയോഗിച്ചതായി യുവതി. യുവതി ഇത് ചൂണ്ടിക്കാട്ടി ലിങ്ക്ഡിനിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആയിരിക്കുകയാണ്.
റാപ്പിഡോ ആപ്പിൽ 534 രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനിൽ 650 രൂപ കാണിച്ചു. വേഗംതന്നെ പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവർ യുവതിയോട് പറഞ്ഞു. എന്നാൽ യുവതി ആപ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവർ വ്യാജ ആപ് ഉപയോഗിച്ചെന്ന് വ്യക്തമായത്. ബംഗളൂരു വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ അനുഭവമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. റാപ്പിഡോ ലോഗോയ്ക്ക് സമാനമായ ലോഗോയുള്ള ആപ് ആണ് യുവതിയെ കാണിച്ചത്. പിടിക്കപ്പെട്ടതോടെ ഡ്രൈവർ കുറ്റം സമ്മതിച്ചതായി യുവതി പറയുന്നു. സംഭവം വൈറൽ ആയതോടെ റാപ്പിഡോ, യുവതിയോട് ക്ഷമാപണം നടത്തുകയും ഡ്രൈവറുടെ അക്കൗണ്ട് ആപ്പിൽനിന്ന് നീക്കുകയും ചെയ്തു.