അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
പിഴവ് തിരുത്തി കുറ്റപത്രം സമർപ്പിക്കാനും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.
താരസംഘടനയായ അമ്മയുടെ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. മുകേഷിന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.