മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് തന്നെ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
രാവിലെ തന്നെ കോർ കമ്മിറ്റി യോഗത്തിനായി രാജീവ് ചന്ദ്രശേഖർ എത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയിരുന്നു. ശശി തരൂരിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുന്നത്. കേന്ദ്രനേതൃത്വത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷായാണ് നിർദേശം നൽകിയത്.