കോഴിക്കോട് ചെറുവണ്ണൂരിലെ ആയുർവേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ ആക്രമിച്ചത്‌ മുൻ ഭർത്താവാണ്. കോഴിക്കോട്ടെ ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രശാന്തുമായി പ്രബിഷ വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയില്‍ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. പ്രശാന്ത് അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളുമാണ്. പ്രശാന്തിൻ്റെ മർദ്ദനം സഹിക്ക വയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പ്രബിഷയുടെ അമ്മ വെളിപ്പെടുത്തി. ഇതിനിടെയാണ് ഇന്ന് രാവിലെ 9.30 ഓടെ ആശുപത്രിയില്‍ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയില്‍ മുഖത്ത് ആസിഡ് ഒഴിച്ചത്.

മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാള്‍ ആസിസ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. മുൻപ് പ്രശാന്തിൻ്റെ ആക്രമണത്തില്‍ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts