ആംബുലന്‍സ് വിട്ടുനല്‍കിയിള്ള രോഗി മരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സിൻ്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്.

കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് ആന്‍സിയുടെ ബന്ധുക്കള്‍ ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതി. ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിൻ്റെ ഓഡിയോ സന്ദേശവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 108 ആംബുലൻസിൻ്റെ കസ്റ്റമർ കെയർ സെൻ്ററിലേക്ക് വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് വിളിച്ചതിൻ്റെ ശബ്‌ദരേഖയാണ് പുറത്തുവന്നത്.

കുരിശുമല തീർഥാടനം പ്രമാണിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപത്രിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് കസ്റ്റമർ കെയർ സെൻ്ററിൽ നിന്ന് അറിയിച്ചത്. ആശുപത്രിയിൽ വെറുതെ കിടക്കുന്ന ആംബുലൻസ് രോഗിക്ക് വേണ്ടി വിട്ടുനൽകുന്നതിൽ എന്താണ് പ്രശ്മെന്ന് മെമ്പർ ചോദിക്കുന്നു. ജീവനക്കാർ പറയുന്നത് സർക്കാർ നിർദ്ദേശപ്രകാരം ആംബുലൻസ് ഇട്ടിരിക്കുകയാണെന്നാണ്.

അതേസമയം ഒരുമണിക്കൂർ കഴിഞ്ഞാൽ ആശുപത്രിയിലെ ഓക്‌സിജൻ തീരുമെന്നും മെമ്പർ പറയുന്നുണ്ട്. ഇതിന് പിന്നാലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറെക്കൊണ്ട് വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലൻസ് വിട്ടുനൽകാൻ സാധിക്കില്ലെന്ന് 108 ആംബുലൻസിൻ്റെ കസ്റ്റമർ കെയറിൽ നിന്ന് പറയുന്നു. അത്യാഹിതം എന്തെങ്കിലും വന്നാൽ ഉപയോഗിക്കാനായാണ് ആംബുലൻസ് മാറ്റിയിട്ടിരിക്കുന്നതെന്നും ഇവർ പറയുന്നുണ്ട്.

ആൻസി ഒടുവിൽ സി.എച്ച്.സിയിൽ നിന്ന് ഒരു ഓക്‌സിജൻ സിലിണ്ടർ സംഘടിപ്പിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കാഴ്‌ചപരിമിതിയുള്ള ഭർത്താവ് മാത്രമായിരുന്നു ആൻസിയോടൊപ്പം കൂട്ടിനുണ്ടായിരുന്നത്. 108 ആംബുലൻസ് മാത്രമായിരുന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ആശുപത്രിയിലേക്ക് പോകാൻ ആശ്രയം. ഇതൊക്കെ കൊണ്ട് പൊതുപ്രവർത്തകരും ആശുപത്രിയിൽ നിന്ന് ഡോക്ടറും ഇടപെട്ടിട്ടും ആൻസിക്ക് സഹായം ലഭ്യമാക്കാനായില്ല.

Related Posts