രജിഷ വിജയൻ തകർപ്പൻ പ്രകടനവുമായെത്തുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസിലെ പുതിയ ടീസർ പുറത്തിറങ്ങി. പുരുഷപ്രേതം, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ‘മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ ടൈറ്റിൽ. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകൾ എത്തും . രജീഷ വിജയനെ കൂടാതെ ജഗദീഷ്, നിരഞ്ജ് മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ആൻ ജമീല സലിം, വിഷ്ണു അഗസ്ത്യ, ശാന്തി ബാലചന്ദ്രൻ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, , മിഥുൻ വേണുഗോപാൽ, മനോജ് കാന, ഷിൻസ് ഷാൻ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ലോക, ബ്ലേഡ് റണ്ണർ പോലെ വേറിട്ട കഥാലോകം സൃഷ്ടിക്കുന്ന ചിത്രത്തിൽ വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുണ്ട്.